Thursday, 18 August 2016

എന്റെ ആദ്യത്തെ കൂട്ടുകാരി....
-------------------------------------------------------------------

ഒരിക്കൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നായിരുന്നു ചുവന്ന പൂക്കൾ ഉള്ള ആ വലിയ പുതപ്പ്.അതിനുള്ളിൽ മൂടിപ്പുതച്ചു കിടന്നാൽ എത്ര നേരമായാലും എഴുനേൽക്കാൻ തോന്നില്ല.പിന്നീട് എപ്പോഴോ ആ പുതപ്പ് എനിക്ക് നഷ്ടമായി.വീണ്ടും കുറേനാളുകൾക്കു ശേഷം അതു തിരികെ കിട്ടിയപ്പോൾ നിർവികാരതയോടെ ഞാൻ നിന്നു.

                    ആ വലിയ പൂക്കൾ ഉള്ള പുതപ്പ് ഒരിക്കൽ കുട്ടിമാളു എന്റെ  അമ്മയുടെ അടുക്കൽ നിന്നു തട്ടിയെടുത്തതാണ്.പോകുവാൻ നേരം അവർ അതു ചോദിച്ചു വാങ്ങുകയായിരുന്നു.

                   എന്റെ ചെറുപ്പത്തിൽ  അമ്മയും അച്ഛനും  ജോലിക്കു പോകുമ്പോൾ എന്നെ നോക്കുവാനായി വന്ന സ്ത്രീ ആയിരുന്നുകുട്ടിമാളു.അവരെ പറ്റിച്ചു പല സൂത്ര പണികളും ഞാൻ ഒപ്പിക്കുമായിരുന്നു.അങ്ങെനെ ഇരിക്കുമ്പോഴാണ് അച്ഛൻ കുറച്ചു തെങ്ങുംതൈകൾ പറമ്പിൽ നട്ടത്.അതോടുകൂടി ആ തെങ്ങിന് എല്ലാം വെള്ളം ഒഴിക്കുക എന്നതും ഞങളുടെ ജോലിയായി.അച്ഛനും അമ്മയും ജോലിക്കു പോയാൽ കുട്ടിമാളു ഒരു ഓസും എടുത്തു ഇറങ്ങും.ഞാനും അവരുടെ പുറകെ നടക്കും.തെങ്ങിൻ കുഴിയിലുള്ള ചെളിയെല്ലാം മുഖത്തു തേച്ചു,ചെളി വെള്ളത്തിൽ ചാടി കളിച്ചു, ആടി തിമിർത്തു.അങ്ങനെ ഇരിക്കെ ഒരിക്കൽ വെള്ളമൊഴിക്കുന്നതിനു ഇടയിൽ ഞാൻ അതിലൊരു കുഴിയിൽ വീണു പോയി.കുട്ടിമാളു അതു ശ്രദ്ധിച്ചതുമില്ല.കുറെ സമയം വെള്ളമൊഴിച്ചു മുന്നോട്ടു പോയപ്പോഴാണ് ഞാൻ കൂടെ ഇല്ലന്ന് ഉള്ള കാര്യമ് അവർ മനസിലാക്കിയത്.പിന്നീട് ഓരോ കുഴികളുടെ അടുത്ത് വന്നു പരിശോധിച്ചപ്പോൾ ആണ് അവിടെ കിടന്നു കൈ കാലിട്ടു അടിക്കുന്ന എന്നെ അവർ കണ്ടത്തിയത്.

                    അന്നവർ എന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ഈ ചളി വായിക്കാൻ നിങ്ങൾക്കു കഴിയില്ലായിരിക്കാം .തെങ്ങിൻ കുഴിയിൽ കിടന്നു ധാരാളം ചെളി വെള്ളം കുടിച്ചതിന്റെ ഫലമായി തലയിൽ  മുഴുവൻ ചെളി ഉറച്ചു പോയെന്നു 'അമ്മ തമാശക്ക് ആണെങ്കിലും ഇടയ്ക്ക് പറയും.

പിന്നീട് കാലങ്ങൾ കടന്നു പോയി.ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇടക്കൊക്കെ അവർ വരുമായിരുന്നു എന്നെ കാണാൻ .പക്ഷെ അവരുടെ കറുത്ത തൊലിയും മെലിഞ്ഞു ഉണങ്ങിയ ശരീരവും പാറപോലെ ദൃഢമായ  വിരലുകളും ഞാൻ വെറുത്തു.വളന്നപ്പോൾ എനിക്കവരെ ഇഷ്ടമല്ലാതായി.അവരുടെ വീട് ഞാൻ സ്കൂളിൽ പോകുന്ന വഴിയിൽ  ആയിരുന്നു. ആദ്യമൊക്കെ എല്ലാ ദിവസവും വഴിയിൽ വെച്ച് ഒരു ചക്കര ഉമ്മ കൊടുക്കാതെ ഞാൻ പോകുമായിരുന്നില്ല. പക്ഷെ പിന്നീട് അവർ വഴിയരികിൽ കാത്തു  നിന്നാലും ഞാൻ എന്റെ കൂട്ടുകാർക്കു ഒപ്പം നടന്നു പോകും.ആരെങ്കിലും അതു ആരെണെന്നു ചോദിച്ചാൽ ഞാൻ അവരെ പരിചയമില്ലാവരെ പോലെ നോക്കും.അങ്ങനെ എന്റെ സ്കൂൾ  ജീവിതം കഴിഞ്ഞു .അതിനിടയിൽ എപ്പോളോ കുട്ടിമാളു അവരുടെ മകളുടെ വീട്ടിലേക്കു താമസം മാറി. അങ്ങനെ ഞാൻ അവരെ മറന്നു.

കാലം പിന്നീട് എന്നെ പല നാടുകളിലേക്കും പറിച്ചു നട്ടു.കോളേജ് വിദ്യാഭാസത്തിനായ് വീട്ടിൽ നിന്നു ഞാൻ ഹോസ്റ്റലിലേക്ക് യാത്രയായി .ഹോസ്റ്റലിൽ ആയിരുന്നപ്പോൾ എപ്പോഴോ അവരെന്നെ കാണാൻ വീട്ടിൽ വന്നിരുന്നു.എനിക്ക് ഇഷ്ടപ്പെട്ട കടല മിട്ടായി  കൊണ്ടായിരുന്നു അവരുടെ വരവ്. ഞാൻ അവിടെ ഇല്ലെന്ന്അറിഞ്ഞു അനിയത്തിയുടെ കൈയിൽ എന്തെല്ലാമോ എനിക്ക് കൊടുക്കുവാനായി ഏൽപ്പിച്ചിട്ടു  അവർ പോയി.




വർഷങ്ങൾ പലതും കഴിഞ്ഞു. എനിക്കും എന്റെ നാടിനും കൂട്ടുകാർക്കും എല്ലാം മാറ്റങ്ങൾ ഉണ്ടായി.സൗഹൃദം വെറും whats appലും FB യിലും ആയി ഒതുങ്ങി.അങ്ങനെ ഇരിക്കെ ചിലപ്പോഴൊക്കെ ഞാൻ അവരെ ഓർക്കും.ഒരു പക്ഷെ ഇന്നിപ്പോൾ അവർ ജീവിച്ചിരിപ്പു ഉണ്ടോ എന്ന് പോലും ഉറപ്പില്ല.
            ഓഗസ്റ്റ് 6 സൗഹൃദ ദിനം,ഫ്രണ്ട്ഷിപ് ഡേ വിഷ് ചെയ്യാനുള്ള തിരക്കിലായിരുന്നു ഞാൻ.പണ്ടെപ്പോഴോ നഷ്ടപ്പെട്ടു പോയ സൗഹൃദങ്ങൾ  ഒരു ആശംസയിലൂടെ വീണ്ടെടുക്കുന്ന സമയം.അസമയത്തു വീട്ടിൽ നിന്ന് ഒരു കാൾ വന്നു.അമ്മയുടെ നമ്പർ ആണ്,ഫോൺ എടുത്തപ്പോൾ അത്ര പരിചിതമല്ലാത്ത ശബ്ദം.
                 എന്നെ ഓര്മയുടുണ്ടോ ഉണ്ണ്യേ.... വിളിയിൽ തന്നെ എനിക്ക് ആളെ മനസിലായി.അത് കുട്ടി മാളുവാണ്.പ്രായമായെങ്കിലും ശബ്ദത്തിനു ഒരു വ്യത്യാസവുമില്ല .

                      അന്ന് ഞാൻ മനസ് നിറയുവോളം അവരോടു സംസാരിച്ചു.സ്കൂളിൽ പോയിക്കൊണ്ട് ഇരുന്നപ്പോൾ കുട്ടിമാളു തന്റെ വീടിന്റെ മുറ്റത്തെ ചാമ്പ മരത്തിന്റെ ചുവട്ടിൽ എന്നെ കാത്തു നിന്ന കഥ പറഞ്ഞു.പിന്നീട് നാട്ടിൽ നിന്ന് പോയപ്പോഴും കുട്ടി മാളൂന്റെ മകളുടെ വീട് ഏതോ കോളേജിന്റെ മുൻപിൽ ആയിരുന്നു.ഞാൻ പഠിക്കുന്നത് അവിടെയെന്നാണ് കരുതി കോളേജ് വിടുന്ന സമയം അവർ ഉമ്മറത്ത് എന്നെ കാത്തു നിൽക്കുമായിരുന്നത്രെ .

അതെ...അവരായിരുന്നു എന്റെ ആദ്യത്തെ കൂട്ടുകാരി...എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ച കൂട്ടുകാരി.പോകുന്നതിനു മുൻപ് ഒരു പൊതി അമ്മയെ ഏൽപ്പിച്ചിട്ടു ആണ് അവർ പോയത്.വീട്ടിൽ എത്തിയപ്പോൾ ഞാൻ വളരെ ആകാഷയോടെ അത് തുറന്നുനോക്കി.


അതിൽ എനിക്കായി കുറെ കടല മിട്ടായിയും വർണ കടലാസും പിന്നെ ഒരിക്കൽ എനിക്ക് വേണമെന്ന് ഞാൻ ഏറ്റവും കൂടുതൽ വാശി പിടിച്ച ചുവന്ന പൂക്കളുള്ള പുതപ്പും ആയിരുന്നു.ഏതു ചെയ്യണമെന്ന് അറിയാതെ ഞാൻ പുതപ്പു നെഞ്ചോടു ചേർത്ത് പിടിച്ചപ്പോൾ അറിഞ്ഞു വിയർപ്പിന്റെ ഗന്ധം.... സ്നേഹത്തിന്റെ ചൂട്....
Malayalam Blog Directory